പാഠ്യപദ്ധതി പരിഷ്കരണം പൂർത്തിയായി: മന്ത്രി വി ശിവൻകുട്ടി
* പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 23 ന് * കായിക വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ * സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കഴിഞ്ഞവർഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വർഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ സമയബന്ധിതമായി വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്ന് മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിൽ ഇരുന്നൂറ്റി മുപ്പത്തിയെട്ട് ടൈറ്റിൽ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിൽ ഇരുന്നൂറ്റിയഞ്ച് ടൈറ്റിൽ പാഠപുസ്തകങ്ങളും ആണ് രണ്ടുവർഷംകൊണ്ട് പരിഷ്‌കരിച്ചത്. സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കായികവിദ്യാഭ്യാസത്തിന് ഊന്നൽ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളിൽ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെൽത്തി കിഡ്സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളിൽ എത്തിച്ചിട്ടുണ്ട്. തൊഴിൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാർപ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആൻഡ് സ്റ്റേഷനറി, പ്ലംബിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളിൽ അഞ്ചു മുതൽ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. മെയ് മാസം പത്താം തീയതിയോടു കൂടി മൂന്ന് കോടി എൺപത് ലക്ഷം പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും. സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മെയ് 13 മുതൽ പരിശീലന പരിപാടികൾ ആരംഭിക്കും. പരിശീലനത്തിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മെഗാ സൂംബാ ഡിസ്‌പ്ലെ തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാ സൂംബാ സംഘടിപ്പിക്കുന്നു. ഈ മാസം 30 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് പരിപാടി. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമവാസനയും തടയുന്നതിനായി സമഗ്രമായ ആരോഗ്യ, കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളിൽ നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വരുന്ന അധ്യയന വർഷം വിദ്യാർത്ഥികൾക്കായി വിപുലമായ രീതിയിൽ കായിക പ്രവർത്തനങ്ങൾ ഏർപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഫുട്‌ബോൾ ക്യാമ്പ് സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഫുട്‌ബോൾ പരിശീലന ക്യാമ്പുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 21 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിക്കും. തിരുവനന്തപുരം ജില്ലയിലെ 10 വിദ്യാലയങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൈക്കാട് ഗവൺമെന്റ് മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. ൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ അഡ്വ. ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിക്കും. കൊമ്പൻസ് സ്പോർട്‌സ് ഫൗണ്ടേഷനുമായി ചേർന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്. സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ ആരംഭിച്ച മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എല്ലാ വിദ്യാലയങ്ങളിലും പഠന പിന്തുണ പരിപാടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. പഠന പിന്തുണയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പുന:പരീക്ഷകൾ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുരുന്നെഴുത്തുകൾ' പ്രസിദ്ധീകരിക്കുന്നു ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിൽ ആക്കിയതിന്റെ പ്രകാശനം ഏപ്രിൽ 23 ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകൾക്കൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തിൽ ഉണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. വിദ്യാകിരണം മിഷനാണ് പുസ്തകം പുറത്തിറക്കുന്നത്. കുട്ടികളുടെ സൃഷ്ടികൾ ശേഖരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി പുസ്തകം പുറത്തിറക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഖാദർ കമ്മിറ്റി നിർദ്ദേശിച്ച പരിഷ്‌കരണനടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. ഇതനുസരിച്ച് സ്‌പെഷ്യൽ റൂൾസ് തയ്യാറാക്കി. സ്‌പെഷ്യൽ റൂൾസ് പ്രകാരം ഒരു തസ്തിക പോലും നഷ്ടപ്പെടില്ല, മറിച്ച് കൂടുതൽ തസ്തികകൾ സൃഷ്ടിക്കപ്പെടുകയും സ്ഥാനക്കയറ്റ സാധ്യതകൾ വർദ്ധിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.